ക്ഷേത്ര ചരിത്രം


ജ്യോതിശാസ്ത്ര ഗ്രന്ഥങ്ങളുടെ നിർമ്മാതാവും ചരിത്ര പ്രസിദ്ധനും ബ്രാഹ്മണോത്തമനുമായ വരരുചിക്ക് പറയസ്ത്രീയിൽ ഉണ്ടായ പന്തിരുകുലത്തിലെ ഒരു അംഗമാണ് അകവൂർ ചാത്തൻ .ചാത്തഭഗവാനെ വൈഷ്ണവ ചൈതന്യം ഉൾക്കൊള്ളുന്ന പരബ്രഹ്മമൂർത്തിയായി കരുതി ഇന്നും നിത്യവും അകവൂർ മനയിലും ഉപാസിച്ചു വരുന്നുണ്ട്.ദിവ്യനും അമാനുഷികനുമായ അകവൂർ ചാത്തൻ ഈ ക്ഷേത്രോൽപ്പത്തിയിൽ ഒരു കാരണക്കാരനായി കാണുകയാൽ മേളത്തോൾ അഗ്നിഹോത്രിയുടെ കാലഘട്ടത്തിലാണ് ഈ ക്ഷേത്ര ഉദ്ഭവമെന്നു മനസിലാക്കാം .അതുകൊണ്ടു തന്നെ പ്രസ്തുത കാലഘട്ടമായ ഏതാണ്ട് നാലാം നൂറ്റാണ്ടിൽ ഈ ക്ഷേത്രനിർമ്മാണം നടന്നുവെന്ന് അനുമാനിക്കപ്പെടുന്നു .


കേരളത്തിലെ നമ്പൂതിരി ഗൃഹങ്ങളിൽ എന്തുകൊണ്ടും പ്രസിദ്ധമായ അകവൂർ മനയുടെ ചരിത്രവുമായി ഈ പുണ്യക്ഷേത്രം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.അകവൂർ മനയുടെ മൂലകുടുംബം തൃശൂർ ജില്ലയിലെ ഐരാണിക്കുളം ഗ്രാമത്തിൽ ആയിരുന്നു എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.അകവൂർമന കുടുംബത്തിന് ഐരാണിക്കുളം ഗ്രാമത്തിലെ തമ്പ്രാക്കൾ സ്ഥാനവും ഉണ്ടാരുന്നതായി കാണപ്പെടുന്നു.ഇന്നും ഈ ദേശത്ത് വലിയൊരു പറമ്പ് അകവൂർ മനപറമ്പായി അറിയപ്പെടുന്നുണ്ട് എന്നത് ഈ പ്രസ്താവനയ്ക്ക് ഉപോൽബലമായി കണക്കാക്കാം.ആ കാലഘട്ടത്തിൽ ആ പ്രദേശം ഭരിച്ചിരുന്ന രാജാവുമായി ചില അസ്വാരസ്യങ്ങൾ ഉണ്ടാകുവാൻ ഇടയായതിനാൽ അകവൂർമനകുടുംബം ഐരാണിക്കുളം ഗ്രാമത്തിൽ നിന്നും പോരുവാനും വെള്ളാരപ്പിള്ളി ഗ്രാമത്തിൽ വന്ന് സ്ഥിരതാമസമാക്കുവാനും ഇടയായി.ഐരാണിക്കുളം ഗ്രാമക്ഷേത്രത്തിലെ പ്രതിഷ്ഠ ശിവനും ശ്രീ പാർവ്വതിയും ആണ് .അന്നത്തെ അകവൂർമനയിലെ കാരണവരായ നമ്പൂതിരിപ്പാട് നിത്യവും ക്ഷേത്രദർശനം നടത്തിയതിനു ശേഷമേ ജലപാനംപോലും നടത്തിയിരുന്നുള്ളൂ .


ഐരാണിക്കുളത്തു നിന്നും വെള്ളാരപ്പിള്ളിയിലേക്ക് പോരേണ്ടി വന്നതിനാൽ നിത്യവും ക്ഷേത്രദർശനം നടത്തി പരദേവനായ ഐരാണിക്കുള ത്തപ്പനെ കണ്ട് ഭജിക്കാൻ കഴിയുന്നില്ലല്ലോ എന്ന മനോവിഷമത്തിലായി നമ്പൂതിരിപ്പാട്.ആ കാലഘട്ടത്തിലാണ് അകവൂർ ചാത്തൻറെ ജനനം.പുഴക്കടവിൽ ഒരു അനാഥ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടുകിട്ടുകയും നമ്പൂതിരിപ്പാടിന്റെ നിർദ്ദേശ പ്രകാരം ആ കുട്ടിയെ എടുത്ത് അകവൂർ മനയിൽ വളർത്തുവാനും ഇടയായി .ആ കുട്ടിയാണ് പിന്നീട് പ്രസിദ്ധനും ദിവ്യനുമായ അകവൂർ ചാത്തനായിത്തീർന്നത് .പറയിപെറ്റ പന്തിരുകുലത്തിലെ എല്ലാ അംഗങ്ങളും ഈശ്വര ചൈതന്യമുള്ളവരും അത്ഭുത സിദ്ധികളുള്ളവരും ആയിരുന്നു.അങ്ങനെ ചാത്തൻ അകവൂർ മനയിലെ ഒരു ആശ്രിതനായിത്തീർന്നു.ഐരാണിക്കുളത്തപ്പനെ നിത്യവും ദർശിക്കാൻ കഴിയാത്തതിലുള്ള മനോവിഷമം ചാത്തൻ മനസിലാക്കുകയും ചാത്തന്റെ അത്ഭുത സിദ്ധികൊണ്ട് ഒരു ഉപായം ഉണ്ടാക്കുകയും ചെയ്തു.ഒരു കരിങ്കൽ തോണി നിർമ്മിച്ച് അതിൽ നിത്യേന നമ്പൂതിരിപ്പാടിനെ ഐരാണിക്കുളത്തു കൊണ്ടു പോയി തൊഴുവിച്ച് കൊണ്ടുവന്നിരുന്നു എന്നാണ് ഐതിഹ്യം.എന്നാൽ നമ്പൂതിരിപ്പാടിനു പ്രായാധിക്യമായതിനാൽ നിത്യവും വഞ്ചിയിൽ പോയി ക്ഷേത്രദർശനം നടത്താൻ പറ്റാത്ത ഒരു അവസ്ഥയായി.ഒരു ദിവസം ക്ഷേത്ര ദർശനവും ഉപാസനകളും കഴിഞ്ഞ് നടയിൽ നിന്ന് ദേവനോട് മനോവിഷമത്തോടെ പറഞ്ഞു "ശംഭോ മഹാദേവ!പ്രായാധിക്യവും ക്ഷീണവും കൊണ്ട് ഇത്ര ദൂരം യാത്ര ചെയ്ത് ഭഗവാനെ ഭജിക്കാൻ എനിക്ക് കഴിയാതെ വന്നിരിക്കുകയാണ്.


അനവധി കാലമായി നിത്യവും അവിടുത്തെ ദർശനത്തിനു ശേഷമേ ജലപാനം പോലും നടത്തിയിരുന്നുള്ളൂ .ഭഗവാനേ !ഒരു നിവൃത്തി മാർഗ്ഗം കാണിച്ചു തരണേ " ഇങ്ങനെ ഉള്ളഴിഞ്ഞ് പ്രാർത്ഥിച്ച് ഓലക്കുടയും എടുത്ത് യാത്രയായി.എന്നാൽ ഓലക്കുട എടുത്തപ്പോൾ പതിവിലും ഭാരക്കൂടുതൽ തോന്നുകയും ചെയ്തു .ഈ വിവരം ചാത്തനോടു പറഞ്ഞപ്പോൾ സാരമില്ല എന്ന് പറഞ്ഞ് യാത്ര തുടർന്നു .അകവൂർമനയിലെ കടവിൽ എത്തുന്നതിനു ഏതാണ്ട് അരനാഴിക ദൂരം വന്നപ്പോൾ നമ്പൂതിരിപ്പാട് പ്രാഥമിക കാര്യത്തിനായി വഞ്ചി കരയ്ക്ക് അടുപ്പിച്ചു .വീണ്ടും അവിടെ നിന്നു പുറപ്പെടുവാൻ നേരത്ത് കുട എടുത്തപ്പോൾ വളരെ ഭാരക്കുറവ് തോന്നി.ഇത് എന്താണ് എന്ന് അത്ഭുതപ്പെട്ട്‌ ചാത്തനോട് തിരക്കിയെങ്കിലും എല്ലാം ദൈവഹിതം എന്നു മാത്രം മറുപടി പറഞ്ഞു.ചാത്തൻ മനയിലെ കടവിൽ വഞ്ചി അടുപ്പിച്ച ശേഷം നമ്പൂതിരിപ്പാടിനെ അവിടെ ഇറക്കുകയും പതിവിന് വിപരീതമായി കടവിൽ നിന്നും കുറച്ച് മാറി വഞ്ചി പുഴയിൽ കരയ്ക്കു സമീപം കമഴ്ത്തിയിടുകയും ചെയ്തു .നമ്പൂതിരിപ്പാട് കാര്യം തിരക്കിയപ്പോൾ ഇനി ഇതിന്റെ ആവശ്യം വരികയില്ലെന്നും നിത്യ ദർശനം നല്കുന്നതിന് മഹാദേവൻ അങ്ങയുടെ ഒപ്പം തന്നെ കുടപ്പുറ ത്ത് ഇവിടേക്ക് വന്നിട്ടുണ്ടെന്നും ചാത്തൻ അറിയിച്ചു.കമഴ്ത്തിയിട്ട തോണിയുടെ ആകൃതിയിലുള്ള കല്ല്‌ ഇന്നും അകവൂർമന കടവിന്റെ സമീപം കാണാവുന്നതാണ്.